Saturday

ബ്ലോഗിന്റെ നാശം
കാപട്യം നിറഞ്ഞ ഈ ലോകത്ത് ജനിച്ചുപോയതില്‍ ലജ്ജയുണ്ടെങ്കിലും നല്ല ഒരു നാളെയുണ്ടാവുമെന്ന പ്രതീക്ഷയില്‍ ജീവിതം തള്ളിനീക്കുമ്പോഴാണ് വിവര സാങ്കേതിക വിദ്യയെപ്പറ്റി അറിയാനിടവന്നതും, അത്യാവശ്യം ചില പൊടിക്കൈകള്‍ അഭ്യസിക്കാന്‍ കഴിഞ്ഞതും.

മലയാളം ബ്ലോഗിംങിനെക്കുറിച്ചറിഞ്ഞതുമുതല്‍തന്നെ ഒരു വായനക്കാരനെന്ന നിലയില്‍ എന്റെ സാനിദ്ധ്യം ബ്ലോഗിലുണ്ടായിരുന്നുവെങ്കിലും ഇതുവരെ സ്വന്തമായൊരു ബ്ലോഗുണ്ടായിരുന്നില്ല. ദൃശ്യമാധ്യമങ്ങളിലെ പാശ്ചാത്യസംസ്കാരാനുകരണം ജീവിതത്തില്‍ പകര്‍ത്തുന്നതിനിടയില്‍ മലയാള സാഹിത്യം പുതുതലമുറ പാടെ ഒഴിവാക്കിയ വേളയില്‍ മലയാളം ബ്ലോഗിങ്ങിന്റെ കടന്നുവരല്‍ ഏറെക്കുറെ ആശ്വാസകരമായിരുന്നു.

എഴുത്തുകാരന്റെ മതില്‍ക്കെട്ടുകളില്ലാത്ത ചിന്തകള്‍ മറ്റുള്ളവരിലേക്കെത്തിക്കുവാന്‍ ബ്ലോഗെന്ന സ്വതന്ത്രമാധ്യമത്തിന് ഏറെക്കുറേ കഴിഞ്ഞുവെന്നുതന്നെ പറയാം. പക്ഷെ ഇന്ന് നാലാംകിട പബ്ലിക്ക് ചാറ്റിംഗിനെയും വെല്ലുന്ന തരത്തിലേക്ക് ബ്ലോഗ് പോസ്റ്റുകളും കമന്റുകളും തരം താഴ്ന്ന്പോയതില്‍ ലജ്ജിക്കുന്ന അനേകം ബ്ലോഗ്‌വായനക്കാരായ മലയാളികളില്‍ ഒരുവനായ ഞാന്‍, ഇതുവരെ ബ്ലോഗ് തുടങ്ങാതിരുന്നത് ഒരു വായനക്കാരനെന്നതില്‍ക്കവിഞ്ഞ് എഴുതാനുള്ള കഴിവില്ലാത്തതുകൊണ്ടുതന്നെയാണെന്ന സത്യം തുറന്നു സമ്മതിക്കുന്നു.

ഇന്നത്തെ പല ബ്ലോഗുകളുടെയും നിലവാരം വിലയിരുത്തിനോക്കുമ്പോള്‍ എന്നെപ്പോലെ എഴുതാന്‍ കഴിവില്ലാത്തവനും എഴുതുന്നതില്‍ തെറ്റില്ലാ എന്നചിന്തയില്‍നിന്നാണ് ഒരു ബ്ലോഗുതുടങ്ങാം എന്ന ആഗ്രഹം മനസ്സില്‍ വന്നത്.

വിവാദങ്ങള്‍ സൃഷ്ടിച്ച് അതില്‍നിന്നും സ്വയം ഹിറ്റുകള്‍കൂട്ടാനുള്ള കുടിലതന്ത്രമെന്നതിലുപരി മാനവരാശിക്ക് പ്രയോജനപ്രധമായ പോസ്റ്റിടുന്ന എത്ര ബ്ലോഗുകള്‍ നമുക്ക് കാണാന്‍‌കഴിയും? സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങളും അനീതിയും വരച്ചുകാട്ടുന്ന ഏതെങ്കിലുമൊരുപോസ്റ്റുണ്ടെങ്കില്‍ അതിനെ സൂക്ഷ്മം വിലയിരുത്തി സൌഹൃദപരമായ അഭിപ്രായപ്രകടനങ്ങള്‍ക്കുപകരം പോസ്റ്റിനെയും ബ്ലോഗറെയും താഴ്ത്തിക്കെട്ടി വിവാദകമന്റുകളിട്ട് കയ്യടിവാങ്ങിക്കാനുള്ള ശ്രമമല്ലെ നമ്മള്‍ കാണുന്നത്? അതല്ലെങ്കില്‍ നമ്മളോരോരുത്തരും അതല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്?

മലയാളം ബ്ലോഗിങ്ങിന്റെ നാശം നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ട നോക്കുകുത്തികളാവാതിരിക്കണമെങ്കില്‍ നമ്മളോരോരുത്തരും തന്നെ തയ്യാറെടുക്കേണ്ടിയിരിക്കുന്നു.മറ്റുള്ളവന്റെ നാശമാണ് നമ്മുടെ വിജയം എന്ന ചിന്തയില്ലാതെ, അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച് സൌഹാര്‍ദ്ദമായി നീങ്ങിയാല്‍ ഇതര മാധ്യമങ്ങളെയപേക്ഷിച്ച് ബ്ലോഗിങ്ങ് എന്നും മികച്ചതായിരിക്കും എന്നു നിസ്സംശയം പറയാം.

ആശംസകളോടെ തോമസ്ബക്കര്‍നായര്‍

NB: അക്ഷരത്തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക, തിരുത്താന്‍ സഹായിക്കുക